TV

ഓര്‍മയില്‍ ഫിലോമിന

മലയാള സിനിമയിൽ മാസ് കാണിച്ച് കൈയ്യടി വാങ്ങിയ നിരവധി നടന്മാരുണ്ട്. എന്നാൽ നടിമാരുടെ കാര്യത്തിൽ ഓരേയൊരു ഫിലോമിന മാത്രം. ആനപ്പാറേൽ അച്ഛമ്മ എന്ന കഥാപാത്രം മാത്രം മതി ഫിലോമിനയുടെ അഭിനയ മികവ് എടുത്തുകാട്ടാന്‍. എന്‍.എന്‍ പിള്ളയെയും തിലകനെയും വരെ വിറപ്പിച്ച അച്ചാമ്മ. മൂക്കില്ല രാജ്യത്തിലെ ഭ്രാന്തിയായും കുന്നംകുളത്തിന്‍റെ മാപ്പ് ഇല്ലെന്ന് പറഞ്ഞ് ലോക ഭൂപടം കീറിയ മനോരോഗിയായും സ്നേഹനിധിയായ അമ്മയായും തകർത്താടിയ നടി. മലയാള സിനിമയില്‍ അമ്മ മുതല്‍ അമ്മായിയമ്മ വരെയുള്ള വൈവിധ്യമാര്‍ന്ന സ്ത്രീ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ആദ്യ പട്ടികയില്‍ ഫിലോമിനയുണ്ടാകും. ആ പട്ടികയില്‍ ഫിലോമിനയെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകം എന്താണെന്നതിനുള്ള ഉത്തരം ചില സത്യന്‍ അന്തിക്കാട്‌ സിനിമകളിലുണ്ട്… ചെറിയ സീനുകളിലാണെങ്കില്‍ പോലും മറ്റ് താരങ്ങളുടെ അഭിനയത്തെ മറികടക്കാനുള്ള പ്രകടനം സ്വതസിദ്ധമായി ഫിലോമിനയില്‍ നിന്ന് പുറത്തേക്ക് വരുന്നൂ എന്നതാണ്… വിയറ്റനാം കോളനിയിലെ മൂസ സേട്ടിന്റെ ഉമ്മയെയും തലയണ മന്ത്രത്തിലെ പരദൂഷണക്കാരി അമ്മായിയേയും മലയാളിക്ക് അത്രവേഗം മറക്കാന്‍ സാധിക്കില്ലല്ലോ…. ഫിലോമിനയുടെ ഓര്‍മകള്‍ക്ക് പതിനഞ്ച് വയസ് തികയുമ്പോള്‍ മീമുകളിലൂടെയും ട്രോളുകളിലൂടെയും മലയാളിയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി ആ അഭിനേത്രി ഇന്നും ആഘോഷിക്കപ്പെടുന്നു.

സ്‌ക്രീനില്‍ ഫിലോമിനയെ കണ്ടാല്‍ തൊട്ടടുത്ത നിമിഷം ചിരിയുടെ മാലപ്പടക്കം പൊട്ടുമെന്ന് മലയാളികള്‍ക്ക് ഉറപ്പാണ്. ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ വേര്‍തിരിവില്ലാതെ ഫിലോമിന അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. കലഹിക്കുന്ന, തെറി വിളിക്കുന്ന, പോരിന് വിളിക്കുന്ന, സംസ്‌കാരമില്ലാത്ത സ്ത്രീ എന്ന് വിളിച്ച് കളിയാക്കുന്നവരോട് തന്‍റേടത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ ഫിലോമിന പൊളിച്ചെഴുതി. സംഭാഷണങ്ങളിലടക്കം ഫിലോമിന കരുതിവച്ച രസച്ചരടുകള്‍ ഇന്നും മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *